Pages

Sunday, November 11, 2012

ഒരു സാഹിത്യകാരന്റെ രോദനങ്ങള്‍
പ്രിയ സുഹൃത്ത്   സുഹാസിനു  സ്നേഹപൂര്‍വ്വം

“ജീവിതത്തിന്‍റെ മറുകര തേടുന്ന മനസുമായാണ് ഇവിടെ ഇരിക്കുന്നത് കടന്നു പോവുന്ന ഓരോ പാതയിലും തന്‍റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കണമെന്നു കൊതിക്കുന്ന മനസ്സ്‌ പക്ഷെ മുന്നില്‍ കാണുന്നതൊക്കെയും രക്തം വാര്‍ന്നു തീര്‍ന്ന മനസിന്‍റെ മൃത ശരീരമാണ്……”
എഴുത്തിന്‍റെ മായാലോകത്തെയ്ക്ക് ഊര്‍ന്നിറങ്ങുകയാണ് സുഹാസ്‌.എഴുതിയ വാക്കുകളില്‍ സംതൃപ്തിയടയാതെ കടലാസ് തുണ്ടുകളത്രയും ചുരുട്ടി കൂട്ടി എറിഞ്ഞു കൊണ്ടേയിരുന്നു.താനെന്തോ ഒരു വലിയ സംഭവമാണെന്ന മട്ടില്‍ തന്‍റെ കറുത്ത കണ്ണട ഒന്ന് കൂടി മുഖത്തേക്കമര്‍ത്തി വെച്ചു
ചുരുട്ടിയെറിഞ്ഞ കടലാസ് തുണ്ടുകള്‍ കണ്ട സഹമുറിയന്‍ പിറുപിറുത്തു
" സുഹൂക്കാ ങ്ങളീ ആവാത്ത പണിക്ക് നിക്കണോ ?ഈ വലിച്ചെറിയുന്ന കടലാസിന്‍റെ കാശ്ണ്ടായിരുന്നെങ്കി ന്‍റെ ഒരു മാസത്തെ ചിലവ് കഴിഞ്ഞേനെ"
തന്‍റെ വിശ്വരൂപം പുറത്തെടുത്ത്‌ കറുത്ത കണ്ണട ഒന്നുയര്‍ത്തി വച്ചതിനു ശേഷം സുഹാസ്‌ രൂക്ഷമായി അയാളെ ഒന്ന് നോക്കിയപ്പോള്‍ സഹമുറിയന്‍ പൂച്ചയെ കണ്ട എലിയെ പോലെ പതറി.
ദയാ ദാക്ഷിണ്യമൊന്നുമില്ലാതെ തീക്ഷ്ണമായ ആ നോട്ടത്തില്‍ തിളച്ചു മറിയുന്ന സൂര്യന്‍റെ അഗ്നി പ്രഭയെറ്റ് വാടിയ പുല്‍ ചെടി പോലെ വിളറിയ മുഖവുമായി സഹമുറിയന്‍ നിവര്‍ത്തിയിട്ട ബെഡിലെ കമ്പളി പുതപ്പിനകത്തെക്ക് വലിഞ്ഞു.
സുഹാസ്‌ വീണ്ടും കടലാസും പേനയുമായി എഴുത്തിലേക്ക് നീങ്ങി. കണ്ണട ഊരി കൈവിരലുകളിലൂടെ വായുവില്‍ ഒന്ന് രണ്ടു തവണ കറക്കി പൊട്ടന്‍ മുന്തിരി തോട്ടം കണ്ട പോലെ കൈകള്‍ കൊണ്ടെന്തോക്കെയോ ആംഗ്യം കാണിച്ച് എന്തോ കണ്ട് പിടിച്ചെന്ന പോലെ കണ്ണട യഥാ സ്ഥാനത്ത്‌ വച്ച് സുഹാസ്‌ എഴുത്ത്‌ തുടര്‍ന്നു.
‘ജീവിതം ഒരു ചൂതു കളിയാണ് ചിലര്‍ നേടുന്നു ചിലര്‍ക്ക് നഷ്ട്ടപ്പെടുന്നു ഏതു ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ ജീവിതത്തിന്‍റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്‍റെ തിണ്ണയില്‍ ഒരു സന്ധ്യക്ക് ചെന്നിരുന്ന് മനുഷ്യന്‍ കണക്ക് നോക്കുന്നു ജീവിതം നഷ്ട്ടമോ ? ലാഭമോ ? ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ ഒരു കളി ആ അര്‍ത്ഥത്തില്‍ ചിന്തിച്ചു നോക്കുമ്പോള്‍ ...’
എഴുത്തിന്‍റെ രസച്ചരട് പൊട്ടിച്ചു കൊണ്ട് മൊബൈല്‍ ഫോണ്‍ ചിലച്ചു. തന്‍റെ എഴുത്തിനു വിഘ്നം വരുത്താന്‍ ഏതു കോന്തനാണിത് ? ഹോ നാശങ്ങള് ,
"ഹലോ സുഹാസേ ഞാന്‍ മൂടാടിയാണ് കുവൈത്തീന്ന്....”
" തന്‍റെ എവിടെ ആടിയാലും എനിക്കെന്താടോ വച്ചിട്ട് പോഡോ ,,
സംഗതി പന്തിയല്ലെന്നു തോന്നിയ നജീബ് ഫോണ്‍ കട്ട് ചെയ്ത് തന്‍റെ പല ചരക്ക്‌ കടയിലേക്ക് പോയി.
‘പ്രാര്‍ഥനകളും ഓര്‍മ്മകളും നിറഞ്ഞ ഒരിടമാണ് എന്‍റെ മനസ്സ്‌ നീര്‍ചാലുകളില്‍ ഒഴുകി വരുന്ന തളിര്‍ വെള്ളത്തിന് പോലും ദാഹമടപ്പിക്കാന്‍ കഴിയാതെ ഉഴലുകയാണ്....’
എഴുതി മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല അതിനു മുന്നേ മേശ വലിപ്പില്‍ നിന്നും ഫോണ്‍ വീണ്ടും ശബ്ദിച്ചു.
"ഹോ ഇനിയിപ്പോ ആരാ ഇത് ഒന്നിനും സമ്മതിക്കില്ല ഓരോരോ ശല്യങ്ങള്
"ഹലോ ഞാനാണ് മാവൂര്‍ എന്താ വിശേഷം "
( ഇയാക്കിപ്പോ വിശേഷം ചോദിക്കാന്‍ കണ്ട നേരം )
“താനെന്താഡോ ലോകത്തുള്ളോരുടെയൊക്കെ വിശേഷം അന്വേഷിചിറങ്ങിയിരിക്കുവാണോ ? വേറെ പണിയോന്നുമില്ലേല്‍ യുവധാരയില്‍ പോയി നാല് പോസ്റ്റുകള്‍ക്ക് കമന്‍സെങ്കിലും ചെയ്യഡോ "
ഈ മുട്ടാളനെയാണല്ലോ പടച്ചോനെ എനിക്ക് വിളിക്കാന്‍ തോന്നിയതെന്നോര്‍ത്ത് മാവൂര്‍ ഫോണ്‍ കട്ട് ചെയ്തു.
ചുരുട്ടി ക്കൂട്ടിയെറിഞ്ഞ കടലാസ് തുണ്ടുകളിലേക്ക് നോക്കി സുഹാസ്‌ അടുത്ത കടലാസ് തുണ്ടും വലിച്ചെറിഞ്ഞു
മൂലയില്‍ കുമിഞ്ഞു കൂടിയ കടലാസ് കൂട്ടങ്ങളിലേക്ക് നോക്കിയപ്പോള്‍ അജ്മാനില്‍ എവിടെയെങ്കിലും ആക്രികച്ചവടക്കാര്‍ ഉണ്ടോയെന്ന്വഷിക്കണ മെന്നോര്‍ത്തു.
അനന്തതയിലേക്ക് നോക്കിയിരുന്ന് ജീവിതത്തിന്‍റെ നിഗൂഢതകള്‍ വായിക്കുന്നത് പോലെയായിരുന്നു ആ നിമിഷം സുഹാസിന്‍റെ ഭാവം അലൌകികമായ ഏതോ വിതാനത്തില്‍ നില്‍ക്കുനത് പോലെയാണ് തോന്നുന്നത്,മനസ്സ്‌ തന്നോട് തന്നെ ഓരോ ചോദ്യങ്ങള്‍ ചോദിക്കുന്നു താനെന്ത് കൊണ്ടാണ് ഇങ്ങിനെയൊരു പരീക്ഷണവസ്തുവാവുന്നത് ?എന്ത് കൊണ്ടാണ് ഒരെഴുത്ത്‌ പോലും തനിക്ക് മുഴുമിപ്പിക്കാന്‍ കഴിയാതെ പോവുന്നത് ചിന്തയില്‍ മുഴുകിയ മുഴുകിയ സുഹാസിന്റെ മൊബൈല്‍ ഫോണ്‍ വീണ്ടും ചിലച്ചു.
സിരയില്‍ ഇരച്ചു കയറിയ കലിയടക്കാനാവാതെ സുഹാസ്‌ ഫോണെടുത്തലറി ,
ആരാടോ താന്‍ ???????????
“സുഹുക്കാ ഞാനാണ് ഷെറിന്‍"
“ഓ നീയാണോ.............. എനിക്കിപ്പോ മൂഡില്ല പിന്നെ വിളി”
ശബ്ദം അല്‍പ്പമൊന്നു മയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് പ്രകടിപ്പിക്കാനാവാതെ സുഹാസ്‌ ഫോണ്‍ കട്ട് ചെയ്തു.

മുഖത്ത് നിന്നും ഊര്‍ന്നിറങ്ങാനോരുങ്ങി നിന്ന കറുത്ത കണ്ണട വീണ്ടും വീണ്ടും ചൂണ്ട വിരല്‍ കൊണ്ട് തള്ളി ക്കയറ്റി ചിന്താഗ്മാനായി സുഹാസിരുന്നു.
ഒരു നിമിഷം ധ്യാനത്തിലോ ഓര്‍മ്മയിലോയെന്ന പോലെ കണ്ണടച്ചിരുന്ന ശേഷം സുഹാസ്‌ കഥയിലേക്ക് തിരിഞ്ഞു
എഴുത്തിന്‍റെ ലഹരിയിലേക്ക് ഊര്‍ന്നിറങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ അപ്പോഴേയ്ക്കും ഇപ്പോഴത്തെ തന്‍റെ ഏറ്റവും വലിയ ശത്രുവായ മൊബൈല്‍ ഫോണ്‍ വീണ്ടും.......
ഇത്തവണ ആരായിരിക്കും ആ നശിച്ച പാറയിലായിരിക്കും ഇയാളിതും കൂട്ടി ഇന്നെത്രാമാത്തെ വിളിയാ. ഇയാള്‍ക്കൊന്നും വേറെ ഒരു ജോലിയും ഇല്ലേ. ഇന്നത്തോടെ ഇത് നിര്‍ത്തണം രണ്ടു തെറിയങ്ങു വിളിച്ചാല്‍ ആ ശല്ല്യം തീരും.
"ഹലോ സുഹാസല്ലേ "
"അല്ല ഓന്‍റെ പ്രേതമാ ഇയാള്‍ക്കെന്താ വേണ്ടേ $%&^%$#@(*&^%*&^%$#@ തൊണ്ടപോട്ടുമാറുച്ചത്തില്‍ സുഹാസ്‌ അലറി "
മറുതലക്കല്‍ നിന്നും ശബ്ദമൊന്നും കേള്‍ക്കാതായപ്പോഴാണ് സുഹാസ്‌ വന്ന നമ്പറിലേക്ക് വീണ്ടുമൊന്നു കൂടി നോക്കിയത്.!!!!!!!!!!!!!!!!!!!!!!!
നമ്പര്‍ കണ്ട മാത്രയില്‍ സുഹാസിന്‍റെ സിരകളില്‍ ഒരായിരം നക്ഷത്രങ്ങള്‍ ഒരേ സമയം മിന്നി.കണ്ണട വലിച്ചൂരി മേശപ്പുറത്തെയ്ക്ക് വച്ച് ഫോണ്‍ ഒന്നുകൂടി ചെവിയോടുചേര്‍ത്ത്‌ വെച്ചു ഭവ്യതയോടെ വിക്കി വിക്കി പറഞ്ഞു
"സര്‍............... ഞാന്‍ ......ഞാന്‍"
"കണ്ട്രി ഫെലോ സ്റ്റുപ്പിഡ് " മറുതലക്കല്‍ നിന്നും ഇത്രയേ സുഹാസിന് കേള്‍ക്കുവാനായുള്ളൂ
" പടച്ചോനെ ..................ചതിച്ചോ”
കഴിഞ്ഞയാഴ്ച ഇന്റര്‍വ്യൂ കൊടുത്ത കമ്പനിയില്‍ നിന്നായിരുന്നൂ വിളിച്ചത്. ജാള്യത മറക്കാന്‍ മേശപ്പുറത്ത് വച്ച കണ്ണടയെടുത്ത് വീണ്ടും മുഖത്തേക് ഫിറ്റ് ചെയ്തു.
സന്നിഗ്ധ ഘട്ടങ്ങളിലൊക്കെയും തനിക്ക് കൂട്ടായി നിന്ന തന്‍റെ കറുത്ത കണ്ണടയെ അന്നാദ്യമായ്‌ സുഹാസ്‌ നന്ദിയോടെ സ്മരിച്ചു.സഹമുറിയന്‍ ഇതല്ലാം കാണുന്നുണ്ടോയെന്നറിയാന്‍ ഏറു കണ്ണിട്ട് കണ്ണട ക്കിടയിലൂടെ അവനെയൊന്നു നോക്കി.ഭാഗ്യം അവന്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്
ചിരിയടക്കാനാവാതെ അയാള്‍ കമ്പളി പുതപ്പിനുള്ളില്‍ ഞെളി പിരി കൊള്ളുന്നത് സുഹാസ്‌ അറിഞ്ഞില്ല.
പറഞ്ഞു വച്ച ജോലിയും പോയി ഇനി എഴുത്ത് തന്നെ ശരണം. എങ്ങിനെയെങ്കിലും ഈ കഥ പ്രസിദ്ധീകരണത്തിന് അയക്കണം അപ്പോള്‍ സുഹാസിന്‍റെ മനസ്സില്‍ ആ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ
തനിക്കീ ബുദ്ധി നേരത്തെ തോന്നണമായിരുന്നുവെന്ന ചിന്തയോടെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ്‌ ചെയ്തു സുഹാസ്‌ കഥയെഴുത്തില്‍ മുഴുകി.
പിറ്റേന്ന് നേരത്തേയെഴുനെറ്റ് എഴുതി തീര്‍ന്ന കഥയുമായി സുഹാസ്‌ അടുത്ത പ്രസിദ്ധീകരണ ശാലയിലേക്ക് നീങ്ങി.
എഴുത്തുക്കാരന്‍ എന്ന് ഒറ്റ നോട്ടത്തില്‍ തോന്നിക്കുവാന്‍ കുളിക്കാതെ ഒരു നീളന്‍ ജൂബ്ബയും ഷേവ് ചെയ്യാത്ത മുഖവുമായി തന്‍റെ പ്രിയ കണ്ണടയും വച്ച് പ്രസാധകന്റെ മുന്നിലെ കസേരയില്‍ ഞെളിഞ്ഞമര്‍ന്നിരുന്നു.
സുഹാസിനെ കണ്ട മാത്രയില്‍ തന്നെ പ്രസാധകന്‍ ഒരല്‍പം ദയയോടെ തന്‍റെ പോക്കറ്റില്‍ നിന്നും അഞ്ചു ദിര്‍ഹം എടുത്ത്‌ സുഹാസിന് നേരെ നീട്ടി
" സര്‍.............. ഞാനതല്ല................ഞാന്‍” .
പറഞ്ഞു മുഴുമിപ്പിക്കാതെ സുഹാസ്‌ തന്‍റെ കയ്യില്‍ കരുതിയ കടലാസ് പുറത്തെടുത്തു ,
"ഡോ തന്‍റെ മഹല്ല് സാക്ഷ്യ പ്പെടുത്തിയ കടലാസൊന്നും എനിക്ക് വേണ്ട താന്‍ വേണേല്‍ ഈ അഞ്ചു ദിര്‍ഹവും വാങ്ങിപ്പോ "
"അതല്ല സര്‍ ഞാനൊരു കഥാകാരനാണ് ഇത് ഞാന്‍ എഴുതിയ കഥയാണ് "
“ഓഹോ താന്‍ ഒരു കഥാ കാരന്‍ ആണല്ലേ തരൂ”
സുഹാസ്‌ ഭവ്യതയോടെ തന്‍റെ കഥ പ്രസാധകന്റെ നേരെ നീട്ടികഥയിലുടനീളം ഒരോട്ട പ്രതിക്ഷണം നടത്തിയ അയാള്‍ തന്‍റെ മേശ വലിപ്പില്‍ നിന്നും ഒരു കടലാസും പേനയും സുഹാസിന് നേരെ നീട്ടി.
" ഹാവൂ എഗ്രിമെന്‍റ് ഒപ്പിടാനായിരിക്കും” ബുഹഹഹ തന്‍റെ കഥ വായിച്ചപ്പോള്‍ ഇയാള വീണു പോയി തെല്ലൊരു ഗൌരവത്തോടെ മുഖത്തെ പേശികള്‍ വലിച്ചു മുറുക്കി തന്‍റെ കറുത്ത കണ്ണട ഒന്ന് കൂടി യഥാ സ്ഥാനത്ത്‌ ഒതുകി വച്ച് തനിക്ക് നേരെ നീട്ടിയ കടലാസ് സുഹാസ്‌ വാങ്ങി ,
" ഇതിലൊന്നും എഴുതിയിട്ടില്ലല്ലോ സര്‍ ?
"അത് തന്നെയാ ഞാനും പറഞ്ഞെ താന്‍ ആദ്യം മലയാളം അക്ഷര തെറ്റ് കൂടാതെ എഴുതാന്‍ പഠിക്ക്........എന്നിട്ട് കഥ എഴുതാം”
ഇതുകേട്ടതും കാറ്റ് പോയ ബലൂണ്‍ പോലെ അവിടെ തന്നെ ഇരുന്നു പോയ സുഹാസ്‌ ചിന്തിച്ചത് മേലനങ്ങാതെ ജീവിക്കാന്‍ പറ്റിയ പണി ഇനി എന്താണ് കണ്ടെത്തുക എന്നതിനെ കുറിച്ചായിരുന്നു.

2 comments:

  1. സാധാരണ ആര് ഫോണ്‍ ചെയ്താലും ഫോണ്‍ എടുക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ് അത് സത്യം ,....പാറക്കുംമാവൂര്‍ക്കാക്കും നജുവിനും ലൂസിക്കും ശഫീക്കിനും അത് നല്ല പരിചയവുമുണ്ട്..തീരെ തിരക്കില്ലെന്കിലും തിരക്ക് ഭാവിക്കാരുണ്ട്,എന്റെ ജോലിക്ക് ഇന്റര്‍വ്യൂ വിനു വേണ്ടി വിളിച്ചപ്പോള്‍ എനിക്ക് പറ്റിയ ഒരു അബദ്ധം പാറ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു പോയി...അതും സത്യം,...പിന്നെ എന്തെങ്കിലും എഴുതാന്‍ ഇരുന്നാല്‍ ഫോണ്‍ ചിലക്കല്‍ കുറച്ചു കൂടുതലാ....നല്ല ഹാസ്യതോടെ കഥ എഴുതാനും അത് വായനക്കാരെ ആത്മാര്‍ഥമായി രസിപ്പിക്കാനും പാറയില്‍ ഇക്കാക്ക് കഴിഞ്ഞു നന്നായി അവതരണം...യുവയിലെ പുതിയ ഹാസ്യ എഴുത്തുകാരനായി പാറയില്‍ ഇക്ക ആയി തീരാന്‍ ഞാന്‍ നിമിത്തമായത്തില്‍ സന്തോഷിക്കുന്നു .

    ReplyDelete